Friday, July 07, 2006

തേനാണ് പാലാണ്...

സന്തോഷിന്റെ “ഏതദ്ഭര്‍തൃലക്ഷണം” ശ്ലോകം വായിച്ചപ്പോള്‍ ഓര്‍മവന്നതാണ് . അല്പം വൈകിയതുകൊണ്ട് കമന്റിനു പകരം പോസ്റ്റായി ഇടുന്നു.

അമേരിക്കയിലെ റേഡിയോ സ് റ്റേഷനുകളിലൊന്നില്‍ കുടിയേറ്റക്കാരുടെ അനുഭവങ്ങളെപ്പറ്റി ഒരു പരിപാടിയുണ്ട്. ചില ആഴ്ചകള്‍ക്കുമുന്‍പ് ഒരു കൊറിയന്‍ സ്ത്രീയുടെ അനുഭവങ്ങള്‍ അതില്‍ സംപ്രേഷണം ചെയ്തിരുന്നു. പത്തുമുപ്പതുകൊല്ലം മുമ്പു കുടിയേറിയതാണ് കൊറിയക്കാരി കിം അമേരിക്കയില്‍. അന്ന് അവരെ പല കാര്യങ്ങളിലും സഹായിച്ചിരുന്നത് താ‍രതമ്യേന വൃദ്ധരായ രണ്ട് അമേരിക്കന്‍ മിഷണറി ദമ്പതിമാരായിരുന്നു. കൊറിയന്‍ കുടുംബത്തെ തങ്ങളുടെ കുടുംബാംഗങ്ങളായിത്തന്നെ അവര്‍ കരുതിപ്പോന്നു. മറ്റെന്തിലുമേറെ കിമ്മിനെ ആകര്‍ഷിച്ചത് മിഷണറി ദമ്പതിമാരുടെ പരസ്പരമുള്ള ഉപചാരപൂര്‍വമായ പെരുമാറ്റവും പരസ്യമായ സ് നേഹപ്രകടനങ്ങളുമാണ്. ചാരുകസേരയില്‍ കാലുനീട്ടിയിരിക്കുന്ന കൊറിയന്‍ ഭര്‍ത്താക്കന്മാരില്‍നിന്ന് വ്യത്യസ്തമായി അടുക്കളയിലെ ജോലികളില്‍ മിഷണറി ഭര്‍ത്താവ് ഭാര്യയെ സഹായിക്കുകയും കിട്ടുന്ന ഓരോ സഹായത്തിനും ഭാര്യ “താങ്ക് യൂ” പറഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. “ഡാര്‍ലിങ്ങ്”, “ഹണീ”, തുടങ്ങിയ വിളികളാല്‍ അവരുടെ ഗൃഹാന്തരീക്ഷം മുഖരിതമായിരുന്നു. ഇതിനെല്ലാം പുറമെ നിശ്ചിതമായ ഇടവേളകളിലുള്ള “ഐ ലവ് യു” പ്രസ്താവനകളിലൂടെ അവര്‍ തങ്ങളുടെ സ്നേഹം വാക്കാല്‍ പുതുക്കുകയും ചെയ്തുപോന്നു. ജീവിതകാലം മുഴുവന്‍ ഒരു ദാസിയെപ്പോലെ സേവിച്ചിട്ടും തന്റെ അമ്മയോട് നന്ദി പറയുന്നതുപോയിട്ട് സ്നേഹത്തോടെ ഒന്നു നോക്കുകപോലും ചെയ്യാതിരുന്ന അച്ഛനെയോര്‍ത്ത് കിം ലജ്ജിച്ചു. എന്തായാലും അവരൊന്നു നിശ്ചയിച്ചു, തന്റെ കുടുംബത്തില്‍ സ്നേഹപ്രകടനങ്ങള്‍ക്ക് മതിയായ സ്ഥാനം വേണമെന്ന്.

ഒരു ടെസ്റ്റ് ഡോസെന്ന നിലയ്ക്ക് ഒരു ദിവസം അടുക്കളയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ അവര്‍ അടുത്ത മുറിയിലുള്ള ഭര്‍ത്താവിനോട് “ഐ ലവ് യു” എന്നു പറഞ്ഞു. പ്രതീക്ഷിച്ചപോലെത്തന്നെ പ്രതികരണമൊന്നും ഉണ്ടായില്ല. “കേട്ടില്ലേ, ഐ ലവ് യു എന്ന്“, കിം കുറച്ചുകൂടി ഉറക്കെ വിളിച്ച് പറഞ്ഞു. കസേരയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ഷോവിനിസ്റ്റ് സൂകരം വെറുതെ മുരണ്ടതേയുള്ളൂ. എന്നാലൊന്നു കാണണമെന്നുറപ്പിച്ച് കിം ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് പത്രം പിടിച്ചുവാങ്ങി, “ഞാന്‍ ഐ ലവ് യു എന്നു പറഞ്ഞതുകേട്ടില്ലേ, എന്നിട്ടെന്താ ഒന്നും മിണ്ടാതിരിക്കുന്നത്, ഊം, ഇനി എന്നെ സ്നേഹിക്കുന്നെന്നു പറയൂ” എന്നാവശ്യപ്പെട്ടു. സംഗതിയുടെ ഗൌരവം പിടികിട്ടാതിരുന്ന സാധുമൃഗം “ഊം, ഉവ്വ്” എന്നു മാത്രം പറഞ്ഞ് പത്രത്തിനു വേണ്ടി കൈ നീട്ടി. “അങ്ങനെയല്ല, ഐ ലവ് യൂ എന്നു തികച്ചും പറഞ്ഞേ മതിയാവൂ” എന്ന് കിം നിര്‍ബന്ധം പിടിച്ചു. “ശരി, ഐ ലവ് യു” എന്ന് ഒരു ‘ലേലു അല്ലു, അഴിച്ചുവിട്’‘ മട്ടില്‍ മനസില്ലാമനസ്സോടെ ഭര്‍ത്താവ് പിറുപിറുത്തു. അവസാനം വികാരനിര്‍ഭരമായ ലക്ഷണമൊത്ത ഒരു ‘ഇലു‘ പറയിപ്പിച്ചിട്ടേ കൊറിയന്‍ വനിത ട്യൂഷന്‍ ക്ലാസ് നിര്‍ത്തിയുള്ളൂ. എന്തായാലും തുടര്‍ന്നുള്ള നാളുകള്‍ സ്നേഹത്തിന്റെ ഉഭയകക്ഷിപ്രസ്താവനകളുടെ വസന്തമായിരുന്നെന്നാണ് കിം പറയുന്നത്, ഉരുളയ്ക്കുപ്പേരി പോലുള്ള ഉപചാരപദങ്ങളും മധുരനാമങ്ങളും തന്റെ കുടുംബത്തെ ഒരു സ്വര്‍ഗമാക്കി എന്നും.

ഇമിഗ്രന്റ് വധുക്കള്‍ ഇത്തരം നിര്‍ബന്ധങ്ങളുമായി തുടങ്ങിയാല്‍ നിലവിലെ ലക്ഷണങ്ങള്‍ പോരാതെ വന്നേയ്ക്കാം. “നിന്നോടെനിക്കിഷ്ടമെന്നിടയ്ക്കിടെ-ച്ചൊല്ലീടും” എന്നും മറ്റുമൊക്കെ ഒരു മൂലയ്ക്കിരുന്ന് ശ്ലോകം ചമയ്ക്കേണ്ടി വരുമോ?