Thursday, June 26, 2008

ഒരു വഴികാട്ടി

സ്വയം വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും പക്വതയാര്‍ജിക്കുന്ന ഒരു സമൂഹത്തിന്റെ ലക്ഷണമാണെന്ന് വേണമെങ്കില്‍ പറയാം. പണ്ട് കുടുമ മുറിക്കാ‍നും കെട്ടുകല്യാണം നിര്‍ത്താനുമൊക്കെയുള്ള തന്റേടം അങ്ങനെ വന്നതാണല്ലോ. ആക്ഷേപഹാസ്യം അതിനൊരു ഫലപ്രദമായ സങ്കേതമാണെന്നും കാണാം.

“മലയാളി” ആവര്‍ത്തിച്ചുള്ള വിശകലനം ആവശ്യപ്പെടുന്ന ഒരപൂര്‍വപ്രതിഭാസമാണെന്നാണ് മലയാള മനോരമയുടെ (മിക്കവാറും അവരുടെ മാത്രം)പക്ഷം. ഈയൊരു വിഷയത്തിനായിത്തന്നെ അവരൊരു സമാന്തര ശാഖ കൊണ്ടുനടക്കുന്നതായാണ് തോന്നുക.
“നമ്മള്‍ മലയാളികള്‍ എന്തുകൊണ്ടിങ്ങനെ” എന്ന ശീര്‍ഷകം തന്നെ ഓണവും വിഷുവും പോലെ എത്രയോ വാരാന്തപ്പതിപ്പുകളില്‍ വന്നുപോയിരിക്കുന്നു. നമ്മുടെ ശീലങ്ങളില്‍, സാമൂഹ്യബോധത്തില്‍, സംസ്കാരത്തില്‍, പെരുമാറ്റമര്യാദകളില്‍, ഭാഷയില്‍ അതൃപ്തിയും ആശാഭംഗവും വിളമ്പി, പരിഹസിച്ചും, ഉപദേശിച്ചും അവരുടെ ജേണലിസ്റ്റ് ശിശുക്കള്‍ മുതല്‍ സീനിയര്‍ എഴുത്തുകാര്‍ വരെ ഞാനോ നീയോ എന്ന മട്ടില്‍ മുന്‍പിലുണ്ട്. അതുകൊണ്ട് അക്കൂട്ടത്തിലേറ്റവും പുതിയ I AM മല്ലു എന്ന ലേഖനവും പ്രത്യേകിച്ചൊരു ശ്രദ്ധ അര്‍ഹിക്കുന്നില്ല. ഒരു ശരാശരി മനോരമ ലേഖകനില്‍ ഭാഷാഗുണവും രചനാവൈഭവുമൊന്നും നമ്മളേറെപ്പേരും പ്രതീക്ഷിക്കുന്നുമില്ല. എന്നാലും നാലാള്‍ വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവരാന്‍ (ഇതീ ലക്കത്തെ വനിത (പ്രിന്റഡ് എഡിഷന്‍) യിലുമുണ്ട്) വേണ്ട യോഗ്യതകളെപ്പറ്റി നമ്മള്‍ക്കൊക്കെയുള്ള ധാരണകളെ കിഷോര്‍ (എന്ത് കിഷോര്‍? മനോരമയുടെ രീതി വച്ച് ഇതൊരു മാണി ചാക്കോ മണിമല ലൈനാണ്) മെതിച്ചു കയ്യില്‍ത്തരുന്നു.
മലയാളികളുടെ ഗന്ധത്തിലാണ് ഇദ്ദേഹത്തിന്റെ പ്രധാന പിടി. ചോറും സാമ്പാറും കാച്ചെണ്ണയും മുല്ലപ്പൂവും പോലെയുള്ള സാധനങ്ങളുടെ ദുസ്സഹഗന്ധവും വഹിച്ചു നടക്കുന്ന സ്വന്തം നാട്ടുകാരെപ്പറ്റി സന്തോഷ് പാലി നിലവാരത്തിലുള്ള കുറെ ഇന്റര്‍നെറ്റ് “ജോക്സും” നിര്‍വചനങ്ങളും കൂടി ഇദ്ദേഹം പെടുത്തിയിട്ടുണ്ട്. മുഴുവനായി തങ്ങളാരാധിക്കുന്ന സായിപ്പിനെപ്പോലെയാക്കിയില്ലെങ്കിലും തന്നാട്ടുകാരെ ആ ദിശയില്‍ ഒരു ചുവടുകൂടി വെപ്പിക്കാം എന്നു കരുതിയാവണം “സുഹൃത്തും വഴികാട്ടിയും” കൂ‍ടിയായ പ്രസിദ്ധീകരണം ഇതച്ചടിച്ചുവിട്ടത്.

ഇത്തറവാടിത്തഘോഷണത്തേക്കാളും വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍” എന്നു വെറുതെ കുടുംബമഹിമ പറഞ്ഞ് ഞെളിയുന്നവരെപ്പറ്റി ഇടശ്ശേരി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ച് സ്വയം പുലയാട്ടു പറയുന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം?

1 Comments:

Blogger സന്തോഷ് said...

അര്‍ഹിക്കുന്നതോ അതില്‍ കൂടുതലോ ഉള്ള അവജ്ഞ എന്നു കേട്ടിട്ടില്ലേ രാവുണ്ണീ? അതിങ്ങനെ നമുക്കു തന്നിരിക്കുന്നതു് അടക്കിക്കെട്ടി കൊണ്ടു നടക്കാനാണോ? ഇതുപോലുള്ള പെരുമ്പടപ്പുകള്‍ കാണുമ്പോള്‍ എടുത്തു പ്രയോഗിക്കാനല്ലേ?

ഏതെങ്കിലും വെളിച്ചെണ്ണക്കമ്പനിക്കാരു് പരസ്യം കൊടുക്കാത്തതിലുള്ള കൊതിക്കെറുവാണെന്നാണു് ഞാന്‍ വിചാരിച്ചതു് :)

10:24 AM

 

Post a Comment

Links to this post:

Create a Link

<< Home