Wednesday, June 14, 2006

കാലാവസ്ഥക്കച്ചോടം

രണ്ടു ദിവസം മുന്‍പു മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട “കാലാവസ്ഥക്കച്ചോടം” (എം ആര്‍ രാഘവവാര്യര്‍) എന്ന ലേഖനമാ‍ണ് ഈ കുറിപ്പിനാധാരം. കാലക്കേടുകളും പ്രകൃതിക്ഷോഭങ്ങളും കൊണ്ടു കഷ്ടപ്പെടുന്നവരോടും അവരുടെ ദുരിതങ്ങളോടും ഒരുവക അവജ്ഞ മധ്യവര്‍ഗ സ്വീകരണമുറികളില്‍ കാണാ‍റുണ്ട്. മനുഷ്യരുടെ പരാധീനതകള്‍ അവരുടെ കഴിവുകേടുകളും കൊള്ളരുതായ്മകളും കൊണ്ടാണെന്നും അവര്‍ക്കു ലഭിക്കുന്ന സഹായങ്ങള്‍ അനര്‍ഹമായ സൌജന്യങ്ങളാണെന്നുമിങ്ങനെ. എന്നാല്‍ രാഘവവാരിയരുടെ ലേഖനം ഇത്തരം വീണ്ടാലോചനയില്ലാ‍ത്ത callousness-നപ്പുറം ചില പ്രകടമായ സത്യങ്ങള്‍ കാട്ടിത്തരുന്നു.

സാധാരണ കാലവര്‍ഷം തുടങ്ങി ആഴ്ചകള്‍ക്കു ശേഷമാണ് ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കേന്ദ്രസംഘങ്ങളുമൊക്കെ വാര്‍ത്ത‍കളാവുന്നത്. എന്നാലിത്തവണ മഴ തുടങ്ങിയതിന്റെ പിറ്റേന്നു തന്നെ “ദുരിതബാധിതര്‍ക്കുള്ള ആശ്വാസ“ത്തിനുള്ള നിലവിളി ആരംഭിച്ചു. സഹസ്രാബ്ദങ്ങളായി കേരളമെന്ന ഭൂപ്രദേശത്തിന്റെ കാ‍ലാവസ്ഥയുടെ മുറതെറ്റാത്ത ഭാഗമാണ് കാലവര്‍ഷം, ഒരു ഭൂകമ്പമോ കൊടുങ്കാറ്റോ പോലെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നല്ലത്, മാത്രമല്ല, പല നിലയിലും നമ്മുടെ വേറിട്ട സംസ്കാരത്തിന്റെ ആധാരവും - ഒരു കെടുതിയായി അതിനെ കാണാന്‍ കഴിയില്ല. പക്ഷെ ഈ വരം‍ പലര്‍ക്കുമിന്നൊരു ശാപവും ദുസ്വപ്നവുമാണെന്നു വന്നിരിക്കുന്നു. ഈ കാ‍ലവര്‍ഷവും തുലാവര്‍ഷവും കൊണ്ടു തന്നെ ഹരിതസമ്പന്നമായ ഭൂമിയുടെ ഈ ചെറുതുണ്ട് തങ്ങള്‍ക്ക് കുടിയേറിയും കുരിശുനാട്ടിയും “ചമ്മാളിക്കാനു”ള്ളതാണെന്ന വിവരദോഷത്തിനുള്ള കൂലി. അമ്പതുവര്‍ഷം മുമ്പ് 44%മുണ്ടായിരുന്ന വനപ്രദേശമിപ്പോള്‍ 11%-മായി ചുരുങ്ങിയത്രേ. നേരാം വണ്ണം ഒരു റോഡുവെട്ടാന്‍ കഴിയാത്ത നാം ഇക്കാര്യത്തില്‍ കാണിക്കുന്ന കാര്യക്ഷമത പ്രശംസനീയമാണ്. ഇത് ‘വികസന’മാണെന്ന അഭിപ്രായക്കാര്‍ക്കും കുറവില്ല. (“ഗ്രാമങ്ങള്‍ പട്ടണങ്ങളാവുകയും പട്ടണങ്ങള്‍ നഗരങ്ങളാവുകയും ചെയ്യുന്ന വികസനത്തെ” പ്പറ്റി ഈ ധീരപ്രവര്‍ത്തനത്തിന്റെ വെഞ്ചരിപ്പുകാ‍രുടെ പത്രം ഈയിടെ പുളകം കൊണ്ടിരുന്നു). തങ്ങള്‍ക്കു പ്രത്യക്ഷനേട്ടമുണ്ടാക്കത്തവയെയൊക്കെ അസൌകര്യങ്ങളായി കാണുന്ന സങ്കുചിതത്വത്തിന് ഒരു കൊട്ട് കിട്ടുമ്പോള്‍ “അങ്ങനെ വേണം” എന്നു ചിലപ്പോള്‍ കണ്ണില്‍ ചോരയുള്ളവരും ചിന്തിച്ചെന്നുവരും.

7 Comments:

Blogger Sreejith K. said...

ഈ ബ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത്. സ്വാഗതം ബ്ലോഗ്‌ലോകത്തേക്ക്.

പോസ്റ്റ് നന്നായിട്ടുണ്ട്. കുറച്ചുംകൂടി എഴുതാമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ എഴുതാന്‍ വിട്ട പോലെ. പോസ്റ്റിനും പേരില്ലല്ലോ, മറന്നതാണോ?

10:04 PM

 
Blogger aneel kumar said...

സ്വാഗതം :)
---

maathr^bhoomi=മാതൃഭൂമി
prakr^thi=പ്രകൃതി

11:31 PM

 
Blogger myexperimentsandme said...

സ്വാഗതം രാവുണ്ണീ.. പ്രകൃതിയെ മറന്ന് താത്‌കാലിക ലാഭത്തിനുപോയാല്‍ കൊല്ലാകൊല്ലങ്ങളില്‍ ഉരുള്‍ പൊട്ടും, പിന്നെ അതിന്റെ ദുരിതാശ്വാസം വാങ്ങിക്കാം. അതു കിട്ടിയില്ലെങ്കില്‍ അതിനുവേണ്ടി ബഹളമുണ്ടാക്കാം. അപ്പോഴൊക്കെ എന്തുകൊണ്ട് ഇതൊക്കെ സംഭവിച്ചു എന്ന കാര്യം നമുക്കെല്ലാവര്‍ക്കും സൌകര്യപൂര്‍വ്വം അന്വേഷിക്കാതിരിക്കാം. എല്ലാ കൊല്ലവും ആയിരക്കണക്കിന് ഏക്കര്‍ വനം പട്ടയായും പട്ടയമായും കൊടുക്കാം. കൊടുത്തില്ലെങ്കില്‍ മുഖപ്രസംഗം എഴുതാം. കഴിഞ്ഞ തലമുറകള്‍ ജീവിതം കെട്ടിപ്പെടുക്കാന്‍ പെട്ട പാടിനേയും അവരനുഭവിച്ച കഷ്‌ടപ്പാടുകളേയും മറ്റി വാചാലരാകാം. അപ്പോളും നഷ്‌ടപ്പെട്ട കാടുകളേപ്പറ്റിയും അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേപ്പറ്റിയും നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. അതെങ്ങിനെ നഷ്‌ടപ്പെട്ടു എന്ന് അന്വേഷിക്കാതിരിക്കാം.....

ഒരൊറ്റ ആശ്വാസം മാത്രം. സത്യമേവ ജയതേ...

ദീപിക മുഖപ്രസംഗം ഞാനും കണ്ടിരുന്നു. കോപ്പി ചെയ്ത് വെച്ചിട്ടുണ്ട്.

12:11 AM

 
Blogger രാവുണ്ണി said...

ശ്രീജിത്ത്‌ : പേരിടുന്നതെവിടെയാണെന്ന് അറിയില്ലായിരുന്നു:)

അനില്‍ : നന്ദി. ദിലീപ് പറഞ്ഞപോലെ “ഇറു” എന്നെ വലച്ചു:)

വക്കാരി : സത്യത്തിന്റെ കാര്യം കഷ്ടിയാണെന്നാണ് പലപ്പോഴും തോന്നുക.

12:30 PM

 
Blogger Santhosh said...

മാതൃഭൂമി ലേഖനം ദാ, ഇവിടെയുണ്ട്.

12:44 PM

 
Blogger Santhosh said...

ഹലോ, ഇവിടെ ആളുണ്ടോ?

5:25 PM

 
Blogger രാജ് said...

സാമാന്യം തല്ലുകിട്ടാവുന്ന വിഷയം രാഘവവാര്യര്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. അതിനെ കുറിച്ചെഴുതിയതും നന്നായി.

2:37 AM

 

Post a Comment

<< Home