Thursday, November 12, 2009

സാറ് മലയാളിയാണോ!

“സേറിന്റെ പടമാണ് എന്റെ അടുത്ത പ്രോജക്റ്റ്“. “എന്റെവീടിനടുത്തൊരു സേറുണ്ട്”. “സെറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല”. പണ്ട് അമ്പിളിയമ്മാവൻ മാസികയിലെ കഥകൾ വായിച്ചിട്ടുള്ളവർക്ക് “സേർ” എന്ന ഉത്തരേന്ത്യൻ അളവ് പരിചിതമായിരിക്കും. ഈ സംഭവം അതല്ല. പ്രതാപിയും, ഭയഭക്തിബഹുമാനങ്ങൾക്ക്* സർവഥാ പാത്രവുമായിരുന്ന മലയാളിയുടെ, പ്രത്യേകിച്ച് തെക്കൻ മലയാളിയുടെ (മാഷും, ടീച്ചറുമായി അധ്യാപകരെ ലിംഗാടിസ്ഥാനത്തിൽ വിഭജിച്ചിട്ടുള്ള കൊച്ചി, മലബാറുകാർക്ക് സാർ അത്ര പ്രിയമല്ല), “സാറാ”ണ് രൂപഭംഗം വന്ന് ഈ വിധത്തിലായിട്ടുള്ളത്.

അഭ്യസ്തവിദ്യരും, അല്ലെങ്കിൽ അങ്ങനെ സ്വയം കരുതുന്നവരും വാക്കുകൾ “ശരി”യായി പറയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സാറു സെറായത്. (സാറമ്മാരെന്തുചെയ്യുമോ ആവോ, അവർ “സെറുകളാ“കുമോ?). ഒരിംഗ്ലീഷ് പദമായ sir ഏകദേശം അവരെപ്പോലെയെങ്കിലും പറയണമല്ലോ, രണ്ടാം വയസ്സുമുതൽ ആ ഭാഷയെ ഉപാസിക്കുന്നതിന് അങ്ങനെയെങ്കിലും വേണ്ടേ ഒരു ഒരു പ്രയോജനം, എന്നുകൂടിയാവണം ഈ പാഠഭേദത്തിന്റെ ചേതോവികാരം.

അതിവികലമായി പല ഭാഷകൾ കലർത്തി സംസാരിക്കുന്നവന്റെ (ളുടെ) “ചിറീട്ട് രണ്ട് പൊട്ടിക്കാനു“ള്ള കലി അടങ്ങിക്കഴിഞ്ഞാൽ രണ്ടു ചോദ്യങ്ങളാണ് മനസ്സിലുയരുന്നത്. ഒന്ന്, മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത പദങ്ങൾ മൂലഭാഷയിലെപ്പോലെ തന്നെ ഉച്ചരിക്കണമെന്നുണ്ടോ? ഇനി കടമെടുത്ത പദങ്ങൾക്ക് “ശരി”യായ ഉച്ചാരണം എന്നൊന്നുണ്ടോ?

“Sir” നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഇംഗ്ലീഷ് പദമാണ്. എന്നാൽ, ഇംഗ്ലീഷിൽ ജനിച്ച ഒരു മൂലപദമാണോ അത്? ബഹുമാനസൂചകമായി ലാറ്റിനിലുപയോഗിച്ചിരുന്ന senior എന്ന അഭിസംബോധന പഴയ ഫ്രെഞ്ചിൽ Seigneur എന്നും പിന്നീടു ചുരുങ്ങി sieur –ഉം ആയി. ഇംഗ്ലീഷുകാരത് “ശരി“യായി പറയാൻ മെനക്കെട്ടില്ല, അവരതിനെ ആദ്യം sire ആക്കി; പത്തുനൂറു കൊല്ലത്തിനുള്ളിൽ sire ലോപിച്ച് sir-ഉമായി. ഇതാണ് ഇന്നു നാം ആക്സെന്റ് തെറ്റാതെ പറയാൻ ശ്രമിക്കുന്ന വിശുദ്ധപദത്തിന്റെ ചരിത്രം.

അന്യഭാഷാപദങ്ങൾ സ്വാംശീകരിക്കപ്പെടുമ്പോൾ ഇടയ്ക്ക് മുഴച്ചുനിൽക്കാത്ത വിധം സ്വഭാഷയുടെ ശൈലിക്കും താളത്തിനും ചേരുന്ന വിധം രൂപഭേദം വരികയെന്നത് സ്വാഭാവികമാണ്. ഈ പ്രക്രിയയാണ് ഇംഗ്ലീഷിനെ ഇത്രയ്ക്ക് പദസമ്പത്തുള്ള ഭാഷയായി വളർത്തിയത്, എന്തിന് പല ഭാഷകളെ തന്നെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷുകാരന്റെ sir-ന്റെ അത്രയും തന്നെ സാധുവും ആധികാരികവുമാണ് മലയാളിയുടെ സ്വന്തം “സാർ”. ആശുപത്രിയും ആപ്പീസും പോലെ, കാപ്പിയും കമ്പൌണ്ടരും പോലെ. പണ്ടൊരു സിനിമയിലെ കഥാപാത്രം ഇംഗ്ലീഷുകാർക്കു മനസ്സിലാവാൻ വേണ്ടി “താടിമുടി ക്ഷേവിങ്ങ്” എന്നു കടുപ്പിച്ച് പറയുന്നതോർമ്മയുണ്ട്. അതുപോലൊരു കോമാളിത്തമാണ് മക്കളേ, നിങ്ങളുടെ ഈ “സെറും”.

പ. ലി: “ആ ടേബിളിലിരിക്കുന്ന ‘ആംവലപ്പി‘ൽ എലിമിനേഷൻ റൌണ്ടിന്റെ റിസൾട്സുണ്ട്“, പാട്ടു മത്സരത്തിന്റെ അവതാരക സെലിബ്രിറ്റി ഗസ്റ്റിനോടു പറയുന്നു. “എൻവലപ്“(ഇംഗ്ലീഷുകാർ അങ്ങനെയേ പറയാറുള്ളൂ) ആണ് അതിന്റെ ഫ്രെഞ്ച് അറിയാം എന്നു കാണിക്കാൻ വെമ്പുന്ന അവതാരകയുടെ, ‘ആം വലപ്’. എല്ലാം ശരിയായിത്തന്നെ പറയണം എന്നു ശാഠ്യമുള്ള നാട്യക്കാരി എന്നാൽ തമിഴ് പാട്ടിന് “റ്റ് ഹാമിൾ സോങ്ങെന്നും, ആലപ്പുഴയ്ക്ക് ആലപ്പിയെന്നുമേ പറയൂ. അപ്പോൾ സുഖക്കേട് ഒരു മൂന്നാം ലോകരാജ്യത്ത് ഇരുണ്ട തൊലിയുമായി ജനിച്ചതിന്റെ അപകർഷതാബോധമാണ്, ശരിയോടുള്ള പ്രതിബദ്ധതയല്ല.

*ഒരുവേള പ്രണയത്തിനും, “കുട്ടിയമ്മ സാറിന് എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ കുട്ടിയമ്മ സാറിനെ വിവാഹം കഴിക്കാൻ തയ്യാറാണ്”. (ഉമ്മർ അംബികയോട്, ചിത്രം: അരനാഴികനേരം)

Labels:

Thursday, August 27, 2009

‘ബ്ലോഗ്’, സംസ്കൃതേ അപി !

കുറെക്കാലം മുൻപു വന്നൊരു ടൈം മാഗസിന്റെ പുറം ചട്ട ഓർമവരുന്നു. ഒരു ചുവന്ന വൃത്തവും സമീപത്തൊരു നെറ്റ് വർക്ക് കേബിളുമാണ് ചിത്രത്തിൽ. “Japan : Disconnected on the InfoHighway” എന്നോ മറ്റോ ആയിരുന്നു അടിക്കുറിപ്പ്. ജപ്പാന്റെ ദേശീയപതാകയെയാണ് ചുവന്ന വൃത്തം സൂചിപ്പിച്ചത്.

സാങ്കേതിക വിദ്യയിൽ അദ്ഭുതങ്ങളുടെ പരമ്പര കൊണ്ട് പാശ്ചാത്യലോകത്തെ അമ്പരപ്പിച്ച ജപ്പാന് ഇന്റെർനെറ്റിന്റെ കാര്യത്തിൽ കാലിടറിയെന്നായിരുന്നു മുഖ ലേഖനത്തിന്റെ സാരം. ഇന്റർനെറ്റിന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് ആദ്യമേ സ്ഥാനം പിടിച്ചത് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു, 21-ആം നൂറ്റാണ്ടിൽ ഭാഷ സാങ്കേതികമികവിനെ തോൽപ്പിച്ചത് രസകരമായ കാഴ്ചയായും.

ഉപരിപ്ലവമായി വിലയിരുത്തുന്നതുകൊണ്ടാവാം, ഇന്റെർനെറ്റിൽ മറ്റുഭാഷകളെ തമസ്കരിക്കുന്ന ഇംഗ്ലീഷിന്റെ താണ്ഡവമല്ല നാം തുടർന്നു കണ്ടത്, ഏറ്റവുമധികം ഭാഷകൾക്കും ലിപികൾക്കും പറ്റിയ വേദിയായി ഇന്റെർനെറ്റ് വളരുന്നതാണ്. പല ഭാഷകളിലുള്ള ബ്ലോഗുകൾ അതിന്റെ സാധ്യതകൾ പിന്നെയും വളർത്തി. ഏതു ഭാഷയിലും ഇപ്പോൾ ബ്ലോഗുകളുണ്ട്, അല്ലെങ്കിൽ ഉണ്ടാക്കാം. നിലവിലുള്ള ഭാഷകളിൽ മാത്രമല്ല, വ്യവഹാരം എന്നേ നിലച്ച സംസ്കൃതത്തിൽ വരെ ബ്ലോഗുകൾ സജീവമാണ്. ചില സംസ്കൃത ബ്ലോഗുകൾ ഇതാ…

yaajushi.wordpress.com
yaajushi.blogspot.com
kalidasa.blogspot.com
drisyadrisya.blogspot.com
koham.wordpress.com
www.vadtu.in
sanskrit-quote.blogspot.com
vishavani.blogspot.com
srinilakshmi.blogspot.com
sanskritlinks.blogspot.com
learnsanskrit.wordpress.com
samskritapatrika.blogspot.com
samskritam. Wordpress.com
satyayugam.blogspot.com
sudharma.epapertoday.com


മലയാളി ബ്ലോഗ്ഗറാ‍യ ജ്യോതിര്‍മയിയുടേതാണ് വൈഖരീ എന്ന സംസ്കൃത ബ്ലോഗ്.

vykharee.blogspot.com

പ. ലി. ഇംഗ്ലീഷങ്ങനെ മറ്റുള്ളവരെ വെറുതെ വിട്ടെന്നു പറയാനാവില്ല. ഗൂഗിളിന്റെ മലയാളം പേജ് നോക്കുക. “I’m Feeling Lucky” എന്ന ബട്ടണിന്റെ മലയാളം പരിഭാഷ “ഞാൻ ഭാഗ്യവാനാണെന്നു തോന്നുന്നു” എന്നാണ്. I’m Feeling Lucky എന്ന പ്രയോഗത്തിന് ഇംഗ്ലീഷിൽ ഒരർഥമുണ്ട്, അതിനവിടെ സാംഗത്യവുമുണ്ട്. അതിനു സമാനമായ എന്തെങ്കിലും ഉപയോഗിക്കുന്നതിനു പകരം ഒന്നും ദ്യോതിപ്പിക്കാത്ത ഒരു പദാനുപദ തർജമ കൊടുക്കുമ്പോൾ ദുർബലമായ ഒരു സാമന്തഭാഷയായി ചുരുങ്ങുകയാണ് മലയാളം, മറ്റു പല ഭാഷകളുടെയും ഇന്റെർനെറ്റ് സമീപനം ഇങ്ങനെത്തന്നെ.

Monday, October 06, 2008

അല്‍ഫോണ്‍സാമ്മ

പാലാ, ഭരണങ്ങാനം, കുടമാളൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതപ്രവൃത്തികളെ നിഷ്ഫലമാക്കിക്കൊണ്ട്‌ ഞായറാഴ്ചകളില്‍ ഏഷ്യാനെറ്റില്‍ അല്‍ഫോണ്‍സാമ്മയുടെ പ്രയാണം തുടരുന്നു.

എന്തൊക്കെപ്പറഞ്ഞാലും പലകാര്യങ്ങളിലും ബോബന്‍ സാമുവലിന്റെ 'അല്‍ഫോണ്‍സാമ്മ' മറ്റു പഴങ്കാലസീരിയലുകളേക്കാള്‍ ഭേദമാണ്‌. സംഭാഷണങ്ങളില്‍ സാംഗത്യവും സ്വാഭാവികതയും കഥ നടന്ന കാലത്തിന്റെ ചുവയുമുണ്ട്‌ (കോട്ടയം ശൈലി വഴങ്ങാത്ത - അതിനു ശ്രമിക്കാത്ത - വല്‍സലാമേനോനെപ്പോലെയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍). മേയ്ക്കപ്പ്‌, വസ്ത്രധാരണം, കലാസംവിധാനം തുടങ്ങിയവയിലുമുണ്ട് കുറെയൊക്കെ ഔചിത്യം. ലൈറ്റിങ്ങും തെറ്റില്ല, സദാസമയവും കല്യാണവീഡിയോയുടേതുപോലുള്ള ഒരു വെളിച്ചം കത്തിച്ചിടുന്ന ക്രൂരത ചെയ്യുന്നില്ല.

എന്നും പാതിരാവാകുമ്പോള്‍ സാത്താന്റെ വെല്ലുവിളി കേട്ട്‌ നൂലിലിറങ്ങി വരുന്ന മറിയത്തിന്റെ പ്രതിമ പരിഹാസ്യമാണെന്ന്‌ പറയാതെ വയ്യ.

Thursday, June 26, 2008

ഒരു വഴികാട്ടി

സ്വയം വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും പക്വതയാര്‍ജിക്കുന്ന ഒരു സമൂഹത്തിന്റെ ലക്ഷണമാണെന്ന് വേണമെങ്കില്‍ പറയാം. പണ്ട് കുടുമ മുറിക്കാ‍നും കെട്ടുകല്യാണം നിര്‍ത്താനുമൊക്കെയുള്ള തന്റേടം അങ്ങനെ വന്നതാണല്ലോ. ആക്ഷേപഹാസ്യം അതിനൊരു ഫലപ്രദമായ സങ്കേതമാണെന്നും കാണാം.

“മലയാളി” ആവര്‍ത്തിച്ചുള്ള വിശകലനം ആവശ്യപ്പെടുന്ന ഒരപൂര്‍വപ്രതിഭാസമാണെന്നാണ് മലയാള മനോരമയുടെ (മിക്കവാറും അവരുടെ മാത്രം)പക്ഷം. ഈയൊരു വിഷയത്തിനായിത്തന്നെ അവരൊരു സമാന്തര ശാഖ കൊണ്ടുനടക്കുന്നതായാണ് തോന്നുക.
“നമ്മള്‍ മലയാളികള്‍ എന്തുകൊണ്ടിങ്ങനെ” എന്ന ശീര്‍ഷകം തന്നെ ഓണവും വിഷുവും പോലെ എത്രയോ വാരാന്തപ്പതിപ്പുകളില്‍ വന്നുപോയിരിക്കുന്നു. നമ്മുടെ ശീലങ്ങളില്‍, സാമൂഹ്യബോധത്തില്‍, സംസ്കാരത്തില്‍, പെരുമാറ്റമര്യാദകളില്‍, ഭാഷയില്‍ അതൃപ്തിയും ആശാഭംഗവും വിളമ്പി, പരിഹസിച്ചും, ഉപദേശിച്ചും അവരുടെ ജേണലിസ്റ്റ് ശിശുക്കള്‍ മുതല്‍ സീനിയര്‍ എഴുത്തുകാര്‍ വരെ ഞാനോ നീയോ എന്ന മട്ടില്‍ മുന്‍പിലുണ്ട്. അതുകൊണ്ട് അക്കൂട്ടത്തിലേറ്റവും പുതിയ I AM മല്ലു എന്ന ലേഖനവും പ്രത്യേകിച്ചൊരു ശ്രദ്ധ അര്‍ഹിക്കുന്നില്ല. ഒരു ശരാശരി മനോരമ ലേഖകനില്‍ ഭാഷാഗുണവും രചനാവൈഭവുമൊന്നും നമ്മളേറെപ്പേരും പ്രതീക്ഷിക്കുന്നുമില്ല. എന്നാലും നാലാള്‍ വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവരാന്‍ (ഇതീ ലക്കത്തെ വനിത (പ്രിന്റഡ് എഡിഷന്‍) യിലുമുണ്ട്) വേണ്ട യോഗ്യതകളെപ്പറ്റി നമ്മള്‍ക്കൊക്കെയുള്ള ധാരണകളെ കിഷോര്‍ (എന്ത് കിഷോര്‍? മനോരമയുടെ രീതി വച്ച് ഇതൊരു മാണി ചാക്കോ മണിമല ലൈനാണ്) മെതിച്ചു കയ്യില്‍ത്തരുന്നു.
മലയാളികളുടെ ഗന്ധത്തിലാണ് ഇദ്ദേഹത്തിന്റെ പ്രധാന പിടി. ചോറും സാമ്പാറും കാച്ചെണ്ണയും മുല്ലപ്പൂവും പോലെയുള്ള സാധനങ്ങളുടെ ദുസ്സഹഗന്ധവും വഹിച്ചു നടക്കുന്ന സ്വന്തം നാട്ടുകാരെപ്പറ്റി സന്തോഷ് പാലി നിലവാരത്തിലുള്ള കുറെ ഇന്റര്‍നെറ്റ് “ജോക്സും” നിര്‍വചനങ്ങളും കൂടി ഇദ്ദേഹം പെടുത്തിയിട്ടുണ്ട്. മുഴുവനായി തങ്ങളാരാധിക്കുന്ന സായിപ്പിനെപ്പോലെയാക്കിയില്ലെങ്കിലും തന്നാട്ടുകാരെ ആ ദിശയില്‍ ഒരു ചുവടുകൂടി വെപ്പിക്കാം എന്നു കരുതിയാവണം “സുഹൃത്തും വഴികാട്ടിയും” കൂ‍ടിയായ പ്രസിദ്ധീകരണം ഇതച്ചടിച്ചുവിട്ടത്.

ഇത്തറവാടിത്തഘോഷണത്തേക്കാളും വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍” എന്നു വെറുതെ കുടുംബമഹിമ പറഞ്ഞ് ഞെളിയുന്നവരെപ്പറ്റി ഇടശ്ശേരി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ച് സ്വയം പുലയാട്ടു പറയുന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം?

Tuesday, June 10, 2008

പ്രതിഷേധിക്കുക

നഗ്നമായ പകര്‍പ്പവകാശലംഘനം നടത്തുകയും അതു ചൂണ്ടിക്കാട്ടിയ ബ്ലോഗറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേരള്‍സ്.കോമിനും അതിന്റെ തലപ്പത്തുള്ള മനോരോഗികള്‍ക്കുമെതിരെയുള്ള ബ്ലോഗര്‍മാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ചുവടു തെറ്റാതെ പൊരുതി‍ നിന്ന ഇഞ്ചിക്ക് അഭിനന്ദനങ്ങള്‍.

Tuesday, September 26, 2006

ആനച്ചന്തം

കതിരോന്റെ പൊന്നുകോലം കണ്ടു കൊതിപൂണ്ടു ഗജരാജമേഘജാലം”. ഭാവന, കവിത. സൌമ്യസുന്ദരമായ വൃന്ദാവനസാരംഗം. പ്രതികാരവാഞ്ച്ഛയില്ലാത്ത പശ്ചാത്തലസംഗീതം. ഒരു പി സി അരവിന്ദനും ജെയ്സണ്‍ ജെ നായരുമൊക്കെ ഈ തലമുറയിലുമുള്ളത് ഭാഗ്യം തന്നെ.

Friday, July 07, 2006

തേനാണ് പാലാണ്...

സന്തോഷിന്റെ “ഏതദ്ഭര്‍തൃലക്ഷണം” ശ്ലോകം വായിച്ചപ്പോള്‍ ഓര്‍മവന്നതാണ് . അല്പം വൈകിയതുകൊണ്ട് കമന്റിനു പകരം പോസ്റ്റായി ഇടുന്നു.

അമേരിക്കയിലെ റേഡിയോ സ് റ്റേഷനുകളിലൊന്നില്‍ കുടിയേറ്റക്കാരുടെ അനുഭവങ്ങളെപ്പറ്റി ഒരു പരിപാടിയുണ്ട്. ചില ആഴ്ചകള്‍ക്കുമുന്‍പ് ഒരു കൊറിയന്‍ സ്ത്രീയുടെ അനുഭവങ്ങള്‍ അതില്‍ സംപ്രേഷണം ചെയ്തിരുന്നു. പത്തുമുപ്പതുകൊല്ലം മുമ്പു കുടിയേറിയതാണ് കൊറിയക്കാരി കിം അമേരിക്കയില്‍. അന്ന് അവരെ പല കാര്യങ്ങളിലും സഹായിച്ചിരുന്നത് താ‍രതമ്യേന വൃദ്ധരായ രണ്ട് അമേരിക്കന്‍ മിഷണറി ദമ്പതിമാരായിരുന്നു. കൊറിയന്‍ കുടുംബത്തെ തങ്ങളുടെ കുടുംബാംഗങ്ങളായിത്തന്നെ അവര്‍ കരുതിപ്പോന്നു. മറ്റെന്തിലുമേറെ കിമ്മിനെ ആകര്‍ഷിച്ചത് മിഷണറി ദമ്പതിമാരുടെ പരസ്പരമുള്ള ഉപചാരപൂര്‍വമായ പെരുമാറ്റവും പരസ്യമായ സ് നേഹപ്രകടനങ്ങളുമാണ്. ചാരുകസേരയില്‍ കാലുനീട്ടിയിരിക്കുന്ന കൊറിയന്‍ ഭര്‍ത്താക്കന്മാരില്‍നിന്ന് വ്യത്യസ്തമായി അടുക്കളയിലെ ജോലികളില്‍ മിഷണറി ഭര്‍ത്താവ് ഭാര്യയെ സഹായിക്കുകയും കിട്ടുന്ന ഓരോ സഹായത്തിനും ഭാര്യ “താങ്ക് യൂ” പറഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. “ഡാര്‍ലിങ്ങ്”, “ഹണീ”, തുടങ്ങിയ വിളികളാല്‍ അവരുടെ ഗൃഹാന്തരീക്ഷം മുഖരിതമായിരുന്നു. ഇതിനെല്ലാം പുറമെ നിശ്ചിതമായ ഇടവേളകളിലുള്ള “ഐ ലവ് യു” പ്രസ്താവനകളിലൂടെ അവര്‍ തങ്ങളുടെ സ്നേഹം വാക്കാല്‍ പുതുക്കുകയും ചെയ്തുപോന്നു. ജീവിതകാലം മുഴുവന്‍ ഒരു ദാസിയെപ്പോലെ സേവിച്ചിട്ടും തന്റെ അമ്മയോട് നന്ദി പറയുന്നതുപോയിട്ട് സ്നേഹത്തോടെ ഒന്നു നോക്കുകപോലും ചെയ്യാതിരുന്ന അച്ഛനെയോര്‍ത്ത് കിം ലജ്ജിച്ചു. എന്തായാലും അവരൊന്നു നിശ്ചയിച്ചു, തന്റെ കുടുംബത്തില്‍ സ്നേഹപ്രകടനങ്ങള്‍ക്ക് മതിയായ സ്ഥാനം വേണമെന്ന്.

ഒരു ടെസ്റ്റ് ഡോസെന്ന നിലയ്ക്ക് ഒരു ദിവസം അടുക്കളയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ അവര്‍ അടുത്ത മുറിയിലുള്ള ഭര്‍ത്താവിനോട് “ഐ ലവ് യു” എന്നു പറഞ്ഞു. പ്രതീക്ഷിച്ചപോലെത്തന്നെ പ്രതികരണമൊന്നും ഉണ്ടായില്ല. “കേട്ടില്ലേ, ഐ ലവ് യു എന്ന്“, കിം കുറച്ചുകൂടി ഉറക്കെ വിളിച്ച് പറഞ്ഞു. കസേരയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ഷോവിനിസ്റ്റ് സൂകരം വെറുതെ മുരണ്ടതേയുള്ളൂ. എന്നാലൊന്നു കാണണമെന്നുറപ്പിച്ച് കിം ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് പത്രം പിടിച്ചുവാങ്ങി, “ഞാന്‍ ഐ ലവ് യു എന്നു പറഞ്ഞതുകേട്ടില്ലേ, എന്നിട്ടെന്താ ഒന്നും മിണ്ടാതിരിക്കുന്നത്, ഊം, ഇനി എന്നെ സ്നേഹിക്കുന്നെന്നു പറയൂ” എന്നാവശ്യപ്പെട്ടു. സംഗതിയുടെ ഗൌരവം പിടികിട്ടാതിരുന്ന സാധുമൃഗം “ഊം, ഉവ്വ്” എന്നു മാത്രം പറഞ്ഞ് പത്രത്തിനു വേണ്ടി കൈ നീട്ടി. “അങ്ങനെയല്ല, ഐ ലവ് യൂ എന്നു തികച്ചും പറഞ്ഞേ മതിയാവൂ” എന്ന് കിം നിര്‍ബന്ധം പിടിച്ചു. “ശരി, ഐ ലവ് യു” എന്ന് ഒരു ‘ലേലു അല്ലു, അഴിച്ചുവിട്’‘ മട്ടില്‍ മനസില്ലാമനസ്സോടെ ഭര്‍ത്താവ് പിറുപിറുത്തു. അവസാനം വികാരനിര്‍ഭരമായ ലക്ഷണമൊത്ത ഒരു ‘ഇലു‘ പറയിപ്പിച്ചിട്ടേ കൊറിയന്‍ വനിത ട്യൂഷന്‍ ക്ലാസ് നിര്‍ത്തിയുള്ളൂ. എന്തായാലും തുടര്‍ന്നുള്ള നാളുകള്‍ സ്നേഹത്തിന്റെ ഉഭയകക്ഷിപ്രസ്താവനകളുടെ വസന്തമായിരുന്നെന്നാണ് കിം പറയുന്നത്, ഉരുളയ്ക്കുപ്പേരി പോലുള്ള ഉപചാരപദങ്ങളും മധുരനാമങ്ങളും തന്റെ കുടുംബത്തെ ഒരു സ്വര്‍ഗമാക്കി എന്നും.

ഇമിഗ്രന്റ് വധുക്കള്‍ ഇത്തരം നിര്‍ബന്ധങ്ങളുമായി തുടങ്ങിയാല്‍ നിലവിലെ ലക്ഷണങ്ങള്‍ പോരാതെ വന്നേയ്ക്കാം. “നിന്നോടെനിക്കിഷ്ടമെന്നിടയ്ക്കിടെ-ച്ചൊല്ലീടും” എന്നും മറ്റുമൊക്കെ ഒരു മൂലയ്ക്കിരുന്ന് ശ്ലോകം ചമയ്ക്കേണ്ടി വരുമോ?