Thursday, June 29, 2006

പതിരുകാലം

നമുക്കാര്‍ക്കും വലിയ വിലയില്ലെങ്കിലും സൃഷ്ടികളുടെ വലിപ്പത്തിലും അനുവാചകരുടെ എണ്ണത്തിലും നാടക-സിനിമാ തിരക്കഥാരംഗത്തെ കുലപതിമാരെ വരെ കടത്തിവെട്ടിക്കൊണ്ടിരിക്കുകയാണ് സീരിയല്‍‍‌ സ്ക്രിപ്റ്റെഴുത്തുകാര്‍‌‌. കാലം തങ്ങള്‍ക്കു നല്‍കിയ ഈ ഭാരിച്ച ബഹുമതിയെപ്പറ്റി അവരെങ്കിലും ബോധവാന്മാരാണെന്നു തോന്നുന്നു. സീരിയല്‍ കഥാപാത്രങ്ങളിലൂടെ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സവിശേഷമാ‍യ മലയാളം ഭാഷയ്ക്കുള്ള അവരുടെ പ്രതിഫലമായിരിക്കാം. അവരുടെ കൈ പതിഞ്ഞ ശ്രദ്ധേയമായ മേഖലകളിലൊന്നാണ് പഴഞ്ചൊല്ലുകള്‍. പഴഞ്ചൊല്ലുകള്‍ അസ്ഥാനത്തുപയോഗിച്ചാണ് പലരും അവയ്ക്കു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതെങ്കില്‍ പുതിയ പാഠഭേദങ്ങളിലാണ് കൂടുതല്‍ പ്രതിഭാശാലികള്‍ക്ക് താല്പര്യം. "കുത്താന്‍‌ വരുന്ന കാണ്ടാമൃഗത്തിനോട് ന്യായം പറഞ്ഞിട്ടെന്തു കാര്യം" തുടങ്ങിയ സ്വതന്ത്ര പുനരാഖ്യാനങ്ങള്‍ തൊട്ട് "ഓടുന്ന കുതിരയ്ക്ക് ഒരു ചുവട് പിമ്പേ എന്നതാണവളുടെ തന്ത്രം" എന്നിങ്ങനെയുള്ള ഉടച്ചുവാര്‍ക്കലുകള്‍ വരെയുണ്ട്. (പല നല്ല ഉദാഹരണങ്ങളും സത്യം പറഞ്ഞാല്‍ ഓര്‍മ വരുന്നില്ല. സംഭാവനകള്‍ക്ക് സ്വാഗതം). ഈയിടെ കേട്ട ഒന്നിനെ പറ്റി പറയാം. പശ്ചാത്തലം പതിവുപോലെ ഏതു ഹോളിവുഡ് താരത്തിന്റെ മാളികയോടും കിടപിടിക്കുന്ന ഒരു വീടും അവിടെ പരാതിയും പകയും പദ്ധതികളുമായി കഴിഞ്ഞുകൂടുന്ന കുറെ മനുഷ്യരും. "എന്റെ ഭര്‍ത്താവിനെപ്പറ്റി പറയാന്‍ നീയാരാണെടീ പട്ടീ" എന്ന സര്‍വസാധാരണമായ സീ‍രിയല്‍ ചോദ്യം കേട്ട് എല്ലാ നിയന്ത്രണവും വിട്ട സാധുകഥാപാത്രം പറയുന്നു, "ങ്ഹൂം, തെറിക്കുത്തരം മുറിപ്പത്തിരി".

പ്രാസഭംഗിയിലും സംഗീതാത്മകതയിലും ഒറിജിനലിലും ഒരുപടി മുന്‍പിലല്ലേ പത്തിരി? പത്തിരിയിലൊതുക്കണ്ട, ഇറച്ചിക്കറിയും കട്ടന്‍ ചായയും കൂടിയാവാം, തെറി പറഞ്ഞതിന്റെ ക്ഷീണം മാറട്ടെ.

12 Comments:

Blogger Santhosh said...

സീരിയല്‍ കണ്ടാല്‍ രക്ഷപ്പെട്ടോടുമെങ്കിലും “എലിയോടിയാല്‍ തട്ടുമ്പുറം വരെ” (ഇത് ഇതുവരെ സീരിയലില്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ കോപ്പിറൈറ്റ് എനിക്ക് തരണേ!) എന്ന മാതിരി, ഇതില്‍ നിന്നൊക്കെ എത്ര അകലെ മാറാനാണ്? ഓരോ സംഭാഷണങ്ങളും പ്ലോട്ടുകളും മറ്റും കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ ഇക്കഥയൊക്കെ എവിടെയാണാവോ നടക്കുക എന്നത്ഭുതപ്പെടാറുണ്ട്.

4:40 PM

 
Blogger ശനിയന്‍ \OvO/ Shaniyan said...

രാവുണ്ണിക്ക് സ്വാഗതം!!! എഴുതൂ, വായിക്കാം.. :-0)


---------------------------മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com


കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

10:28 PM

 
Blogger ദേവന്‍ said...

Welcome Ravunni.

ഇന്നല്ലെ പൊട്ടപ്പെട്ടി വച്ചപ്പോ ഒരു ട്രെയിലര്‍
"മാക്ബെത്തും ഇയാഗോയും ബ്രൂട്ടസ്സും നാണിക്കുന്ന കഥാപാത്രങ്ങള്‍. ഈ മഹാത്തായ ക്ലാസ്സിക്ക്‌ കാണുവാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു തീരാ നഷ്ടമാകും. ഇലിയഡ്‌ ആണോ അതോ മഹാഭാരതമോ എന്നൊക്കെ ശങ്കിച്ചിരിക്കുകുമ്പോള്‍ അതാ വരുന്നു റ്റൈറ്റില്‍ സോങ്ങ്‌. "സ്ത്രീ.. ഒരു ജ്വാലാ"" ശങ്കിച്ചിരിക്കല്‍ പൊട്ടിച്ചിരിക്കല്‍ ആയിപ്പോയി. ഷേക്ക്‌ പീറിനേയും കടത്തി വെട്ടി അതാ മണി ഷൊര്‍ണ്ണൂര്‍ ഒന്നാംസ്ഥാനത്തേക്ക്‌ കുതിക്കുന്നു!!

12:23 AM

 
Blogger Kalesh Kumar said...

സുസ്വാഗതം രാവുണ്ണീ,
നന്നായിട്ടുണ്ട്!
സ്റ്റീരിയലുകള്‍ കൊണ്ട് ജീവിക്കുന്ന കുറേ കുടുംബങ്ങളുണ്ട് - പണി ഒന്നുമില്ലാതിരിക്കുന്ന സിനിമാക്കാര്‍, ടെക്നീഷ്യന്‍സ്... അങ്ങനെ പലരും.
അവരെയെല്ലാമോര്‍ത്ത് നമ്മുക്ക് ക്ഷമിക്കാം!

12:44 AM

 
Blogger രാജ് said...

സ്വാഗതം രാവുണ്ണീ.

പുരാണങ്ങളത്രയും കാണുവാന്‍ വൈകിപ്പോയി. കാമ്പുള്ള വിഷയങ്ങള്‍ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം. തുടര്‍ന്നും എഴുതുക.

1:22 AM

 
Blogger Unknown said...

രാവുണെണ്യ്.. ഇവിടുന്നും ഒരു സ്വാഗതൊണ്ട് ട്ടോ>... ഇനിയും സന്ദര്‍ശിക്കാം.. പുതിയ പോസ്‌റ്റുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

1:38 AM

 
Blogger ചില നേരത്ത്.. said...

രാവുണ്ണീ സ്വാഗതം..
സീരിയലുകള്‍..വ്യത്യസ്തപൂക്കളും വിരിയിക്കുന്നുണ്ട്..
അസൂയപൂക്കള്‍ എന്നൊരു സീരിയല്‍ കണ്ടു..അങ്ങനെയൊരു പൂവിന് എന്ത് ഗന്ധമായിരിക്കും??

2:08 AM

 
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം രാവുണ്ണീ.

2:54 AM

 
Blogger myexperimentsandme said...

സീരിയലുകള്‍.. എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും മാത്രമുള്ള പല വീടുകളിലും വൈകുന്നേരങ്ങളില്‍ അവര്‍ക്കൊരാശ്വാസമാണ് ഈ സംഗതി. ഒരു എപ്പിസോഡ് തികച്ചിരുന്നു കാണാനും നല്ല പക്വതയും പാകതയുമൊക്കെ വേണം. പ്രായമായവര്‍ക്ക് മാത്രമേ പറ്റൂ.

ഇപ്പോള്‍ “ചെപ്പു കിലുക്കണ ചെങ്ങാതി” ഒന്നുകൂടി കണ്ടുകൊണ്ടിരിക്കുന്നു. ജഗദീഷ് ഇമ്മാതിരി കുറെ മോഡിഫൈഡ് ചൊല്ലുകള്‍ അതില്‍ പറയുന്നുണ്ടല്ലോ :)

രാവുണ്ണിയുടെ നിരീക്ഷണങ്ങള്‍ കൊള്ളാം. ഇതിനു മുന്‍‌പിലത്തെ ആധുനിക മലയാളിയുടെ വികസനസങ്കല്‍‌പവും, പ്രകൃതി ക്ഷോഭങ്ങളുടെ അടിസ്ഥാന കാരണങ്ങളായ കുടിയേറ്റം, പട്ടയം, മണലൂറ്റ് ഇവയ്ക്കൊക്കെ നേരേ കണ്ണടച്ച് കാലാകാലങ്ങളില്‍ ദുരിതാശ്വാസനിധിയ്ക്കുവേണ്ടി ക്യൂ നില്‍ക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതും നന്നായിരുന്നു.

തുടരട്ടങ്ങിനെ തുടരട്ടെ....

9:17 AM

 
Blogger prapra said...

സീരിയല്‍ കാണുന്നവര്‍ ശരിക്കും കഷ്ടപ്പെടുന്നുണ്ടല്ലേ? ചൊല്ലുകള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കുന്ന എഴുത്തുകാരെ സമ്മതിക്കണം. ചിലപ്പോള്‍ ഇവയൊക്കെ സെകന്റ്‌ ജെനറേഷന്‍ പഴഞ്ചോല്ലുകള്‍ എന്ന് അറിയപ്പെടും.
രാവുണ്ണി തിരഞ്ഞെടുക്കുന്ന വിഷയത്തിലും അവതരിപ്പിക്കുന്നതിലും വ്യത്യസ്തതയുണ്ട്‌. ഇത്തരം സബ്ജക്റ്റുകള്‍ പുതിയതായി ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങുന്നവര്‍ക്ക്‌ പ്രോല്‍സാഹനമേകും.

ന്യൂയോര്‍ക്ക്‌ സിറ്റില്‍ ആണോ? ആണെങ്കില്‍ എവിടേ?

12:04 PM

 
Blogger Visala Manaskan said...

ഹായ് രാവുണ്ണി... (പ്രതാപ ചന്ദ്രേട്ടന്റെ കേട്ടോടാ രാവുണ്ണീ...ഓര്‍മ്മവരുന്നൂ..)
ബൂലോഗത്തേക്ക് സ്വാഗതം.

ഏത് പേട്ട സീരിയലായാലും കാണുവാന്‍ ആളുണ്ടെന്നത് നേര്. പക്ഷെ, സ്ക്രിപ്റ്റെഴുത്തെന്ന പേരില്‍ ചലര്‍ എഴുതിക്കൂട്ടുന്ന ഡൈലോഗുകള്‍ മഹാ അക്രമം ആണ്.

ഏഷ്യാനെറ്റ് സം‌പ്രേഷണം ചെയ്യുന്ന കടലിന്നക്കരെ എന്നൊരു മൊതലുണ്ട്. കൊത്യാവും!

ഒരു രഹസ്യം: പഴഞ്ചൊല്ലുകളുടെ റിവൈസ്ഡ് വെര്‍ഷനുണ്ടാക്കല്‍ എന്റെയും ഒരു ഹോബിയായിരുന്നു.
വാക്കുകള്‍ സ്‌പ്ലിറ്റാക്കുന്നതില്‍ മുടിചൂടാമന്നനായ നമ്മുടെ സ്വന്തം വക്കാരി, ഈ മേഖലയില്‍ അതിഭയങ്കരനാവണം.

പുതിയ പുരാണങ്ങള്‍ വീണ്ടുമെഴുതുക. ആശംസകള്‍.

8:16 PM

 
Blogger രാവുണ്ണി said...

വായിച്ച് അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി.

പ്രാ‍പ്രാ, ഞാന്‍ ന്യൂ യോര്‍ക്ക് സിറ്റിയിലല്ല താമസം. അവിടെ നിന്ന് നാ‍ലു മണിക്കൂര്‍ അകലെ ഇട്ടൂപ്പ് പറഞ്ഞപോലെ സിറാക്യൂസ് എന്നൊരു കുന്നംകുളത്താണ്.

6:24 AM

 

Post a Comment

<< Home