Thursday, June 24, 2010

കള്ളർഭയം

മിനിബസുകളിൽ കയറരുത്. ഇതാ, ആ തെരുവിൽ പോവാതിരിക്കുന്നതാണ് നല്ലത്. ട്രയിൻ യാത്രയോ? അതു വേണോ? 43000 പോലീസുകാരെ നിയോഗിച്ച്, നഗരത്തിന്റെ ഓരോ മൂലയും ശുദ്ധമാക്കിയിട്ടും വഴിയിലൊരു ഹൂഡീയും ധരിച്ച് പിടിച്ചുപറിക്കാനും ആക്രമിക്കാനുമായൊരു കറുത്ത സ്വദേശിയുണ്ടെന്ന ഭയം ഭൂരിഭാഗം പേർക്കും മാറിയിട്ടില്ല. യൂണിഫോമില്ലാത്ത ഏതൊരു കറുത്ത വർഗക്കാരനും പ്രഥമദൃഷ്ട്യാ അപകടകാരിയാണ് എന്നാണ് ചുരുക്കം.

ഗാന്ധി പൊറന്ത നാട്ടുക്കാരൻ

ബൊംഗാനി എന്നൊറ്റു കറുത്ത വർഗക്കാരനാണ് ഗാന്ധിസ്മാരകത്തിന്റെ പുതിയ ക്യുറേറ്റർ. “ഞങ്ങളീ സ്മാരകം വെറുമൊരു മ്യൂസിയമാക്കാനുദ്ദേശിക്കുന്നില്ല. ഞങ്ങളുടെ കൂട്ടർക്ക് ആത്മാഭിമാനവും, ലക്ഷ്യബോധവും തന്നത് ഗാന്ധിജിയാണ്. വരൂ ഇവിടത്തെ തെരുവു കുട്ടികൾക്കു വേണ്ടിയുള്ള ഞങ്ങളുടെ പരിപാടികൾ കാണൂ”. അകത്ത് ഒരു പഴയകാലചിത്രം പോലെ കരകൌശലപ്രവൃത്തികളിലേർപ്പെട്ടിട്ടുള്ള സാധുസ്ത്രീകൾ. ഇങ്ങനെയൊക്കെത്തന്നെയായിരുന്നില്ലേ, അന്നും?
ഇതിലുമെത്രയോ കടുത്ത ദുരിതവും ദാരിദ്ര്യവും നിലനിന്നിരുന്ന കാലത്ത് നഗരത്തിന്റെ സമ്പൽ സമൃദ്ധി കണ്ട് നെടുവീർപ്പിടാതെ “ഇവരിൽ ചെറിയവന്റെ” കൂടെ നിന്ന മഹാത്മാവിന്റെ ധീരത ഉൾക്കൊള്ളാൻ ശ്രമിച്ചു, കഴിഞ്ഞില്ല. കോമഡി സിനിമ മാത്രം കാണാനിഷ്ടപ്പെടുന്നവന്റെ മനോഭവത്തോടെ, മുഖം മിനുക്കിയ ഡർബന്റെ world class facilities-ലേയ്ക്ക് ഓടി രക്ഷപ്പെട്ടു.

പ. ലി. മുഖം മിനുക്കലിൽ ഗാന്ധി സ്മാരകം പെട്ടിട്ടില്ല. ഡർബനിലെ ഭൂരിഭാഗം വരുന്ന ഇന്ത്യൻ സമൂഹം ഒരു സഹായവും ചെയ്യാറില്ലെന്ന് ക്യൂറെറ്റർ. വെള്ളവും വൈദ്യുതിയും ഇപ്പോഴും, പക്ഷേ, സൌജന്യമാണ്.

ഉംഷ്ലാംഗ

ഈ പറഞ്ഞിടത്താണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ. കടൽ കാണാവുന്ന രീതിയിൽ പണിതിട്ടുള്ള പുതിയ ഹോട്ടൽ. സമീപത്തു മുഴുവൻ സുന്ദരമായ ബീച് ഹൌസുകൾ.
ഡർബൻ നഗരത്തിന്റെ സമ്പന്നമായൊരു പ്രാന്തപ്രദേശമാണ് ഉംഷ്ലാംഗ. ദാരിദ്ര്യവും ദുരിതവും നുരയ്ക്കുന്ന മറ്റനേകം ടൌൺഷിപ്പുകൾ വെറും കിലോമീറ്ററുകൾക്കപ്പുറത്താണെന്ന് ഇവിടെ നിന്നാൽ അറിയുകപോലുമില്ല. തൽക്കാലം ലോകകപ്പിന്റെ ഉത്സവാന്തരീക്ഷത്തിൽ അതൊന്നും മിണ്ടണ്ട.

കുഞ്ഞുകുട്ടി…

“So disgustingly middle class”, വീ കെ എന്റെ ഒരു കഥയിലെ ഈ പ്രയോഗം ഏറെ ആകർഷിച്ചിട്ടുണ്ട്. വിശേഷണം ചേരുന്ന ഏറെ സഹജീവികളെപ്പറ്റി ഇത് മനസ്സിൽ പറഞ്ഞിട്ടുമുണ്ട്.
നാളെ ബ്രസീൽ-പോർചുഗൽ മത്സരം. ഏറെ വൈകിയും ഹോട്ടലിന്റെ ബാറിൽ ചീട്ടുകളിച്ചും നേരമ്പോക്കു പറഞ്ഞുമിരിക്കുന്ന ആരാധകർ. പക്ഷെ, അവരുടെ ആഹ്ലാദം മനസ്സിൽ കയറുന്നില്ല. “നീ ഇതിനൊക്കെ ആയോ” എന്ന ഇടത്തരക്കാരന്റെ നിരന്തരമായ ശാസന തൊണ്ടയിൽ കനം വെയ്ക്കുന്നു. വീക്കെൻഡിൽ പുല്ലു വെട്ടുമ്പോഴത്തെ മനോസുഖം ഇതിനില്ലാത്തതെന്താണ്? ഒരു പക്ഷേ സന്തോഷവും സംതൃപ്തിയും ഒരു മിനിവാനിന്റെ സുരക്ഷിതത്വത്തിൽ മാത്രമേ ഇനി അനുഭവിക്കാൻ കഴിയൂ എന്നാണോ?

Friday, June 18, 2010

രാവുണ്ണി ദക്ഷിണാഫ്രിക്കയിൽ

അടുത്ത രണ്ടാഴ്ചക്കാലം ഗ്രാമീണനും കളിപ്രാന്തനുമായ രാവുണ്ണി ദക്ഷിണാഫ്രിക്കയിലുണ്ടാവും. എം പി സുരേന്ദ്രനും മറ്റും എഴുതുന്നതൊന്നും വായിക്കാൻ നിക്കണ്ട. ഇഞ്ഞാട്ട് പോര്…

Labels: