Thursday, November 12, 2009

സാറ് മലയാളിയാണോ!

“സേറിന്റെ പടമാണ് എന്റെ അടുത്ത പ്രോജക്റ്റ്“. “എന്റെവീടിനടുത്തൊരു സേറുണ്ട്”. “സെറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല”. പണ്ട് അമ്പിളിയമ്മാവൻ മാസികയിലെ കഥകൾ വായിച്ചിട്ടുള്ളവർക്ക് “സേർ” എന്ന ഉത്തരേന്ത്യൻ അളവ് പരിചിതമായിരിക്കും. ഈ സംഭവം അതല്ല. പ്രതാപിയും, ഭയഭക്തിബഹുമാനങ്ങൾക്ക്* സർവഥാ പാത്രവുമായിരുന്ന മലയാളിയുടെ, പ്രത്യേകിച്ച് തെക്കൻ മലയാളിയുടെ (മാഷും, ടീച്ചറുമായി അധ്യാപകരെ ലിംഗാടിസ്ഥാനത്തിൽ വിഭജിച്ചിട്ടുള്ള കൊച്ചി, മലബാറുകാർക്ക് സാർ അത്ര പ്രിയമല്ല), “സാറാ”ണ് രൂപഭംഗം വന്ന് ഈ വിധത്തിലായിട്ടുള്ളത്.

അഭ്യസ്തവിദ്യരും, അല്ലെങ്കിൽ അങ്ങനെ സ്വയം കരുതുന്നവരും വാക്കുകൾ “ശരി”യായി പറയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സാറു സെറായത്. (സാറമ്മാരെന്തുചെയ്യുമോ ആവോ, അവർ “സെറുകളാ“കുമോ?). ഒരിംഗ്ലീഷ് പദമായ sir ഏകദേശം അവരെപ്പോലെയെങ്കിലും പറയണമല്ലോ, രണ്ടാം വയസ്സുമുതൽ ആ ഭാഷയെ ഉപാസിക്കുന്നതിന് അങ്ങനെയെങ്കിലും വേണ്ടേ ഒരു ഒരു പ്രയോജനം, എന്നുകൂടിയാവണം ഈ പാഠഭേദത്തിന്റെ ചേതോവികാരം.

അതിവികലമായി പല ഭാഷകൾ കലർത്തി സംസാരിക്കുന്നവന്റെ (ളുടെ) “ചിറീട്ട് രണ്ട് പൊട്ടിക്കാനു“ള്ള കലി അടങ്ങിക്കഴിഞ്ഞാൽ രണ്ടു ചോദ്യങ്ങളാണ് മനസ്സിലുയരുന്നത്. ഒന്ന്, മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത പദങ്ങൾ മൂലഭാഷയിലെപ്പോലെ തന്നെ ഉച്ചരിക്കണമെന്നുണ്ടോ? ഇനി കടമെടുത്ത പദങ്ങൾക്ക് “ശരി”യായ ഉച്ചാരണം എന്നൊന്നുണ്ടോ?

“Sir” നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഇംഗ്ലീഷ് പദമാണ്. എന്നാൽ, ഇംഗ്ലീഷിൽ ജനിച്ച ഒരു മൂലപദമാണോ അത്? ബഹുമാനസൂചകമായി ലാറ്റിനിലുപയോഗിച്ചിരുന്ന senior എന്ന അഭിസംബോധന പഴയ ഫ്രെഞ്ചിൽ Seigneur എന്നും പിന്നീടു ചുരുങ്ങി sieur –ഉം ആയി. ഇംഗ്ലീഷുകാരത് “ശരി“യായി പറയാൻ മെനക്കെട്ടില്ല, അവരതിനെ ആദ്യം sire ആക്കി; പത്തുനൂറു കൊല്ലത്തിനുള്ളിൽ sire ലോപിച്ച് sir-ഉമായി. ഇതാണ് ഇന്നു നാം ആക്സെന്റ് തെറ്റാതെ പറയാൻ ശ്രമിക്കുന്ന വിശുദ്ധപദത്തിന്റെ ചരിത്രം.

അന്യഭാഷാപദങ്ങൾ സ്വാംശീകരിക്കപ്പെടുമ്പോൾ ഇടയ്ക്ക് മുഴച്ചുനിൽക്കാത്ത വിധം സ്വഭാഷയുടെ ശൈലിക്കും താളത്തിനും ചേരുന്ന വിധം രൂപഭേദം വരികയെന്നത് സ്വാഭാവികമാണ്. ഈ പ്രക്രിയയാണ് ഇംഗ്ലീഷിനെ ഇത്രയ്ക്ക് പദസമ്പത്തുള്ള ഭാഷയായി വളർത്തിയത്, എന്തിന് പല ഭാഷകളെ തന്നെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷുകാരന്റെ sir-ന്റെ അത്രയും തന്നെ സാധുവും ആധികാരികവുമാണ് മലയാളിയുടെ സ്വന്തം “സാർ”. ആശുപത്രിയും ആപ്പീസും പോലെ, കാപ്പിയും കമ്പൌണ്ടരും പോലെ. പണ്ടൊരു സിനിമയിലെ കഥാപാത്രം ഇംഗ്ലീഷുകാർക്കു മനസ്സിലാവാൻ വേണ്ടി “താടിമുടി ക്ഷേവിങ്ങ്” എന്നു കടുപ്പിച്ച് പറയുന്നതോർമ്മയുണ്ട്. അതുപോലൊരു കോമാളിത്തമാണ് മക്കളേ, നിങ്ങളുടെ ഈ “സെറും”.

പ. ലി: “ആ ടേബിളിലിരിക്കുന്ന ‘ആംവലപ്പി‘ൽ എലിമിനേഷൻ റൌണ്ടിന്റെ റിസൾട്സുണ്ട്“, പാട്ടു മത്സരത്തിന്റെ അവതാരക സെലിബ്രിറ്റി ഗസ്റ്റിനോടു പറയുന്നു. “എൻവലപ്“(ഇംഗ്ലീഷുകാർ അങ്ങനെയേ പറയാറുള്ളൂ) ആണ് അതിന്റെ ഫ്രെഞ്ച് അറിയാം എന്നു കാണിക്കാൻ വെമ്പുന്ന അവതാരകയുടെ, ‘ആം വലപ്’. എല്ലാം ശരിയായിത്തന്നെ പറയണം എന്നു ശാഠ്യമുള്ള നാട്യക്കാരി എന്നാൽ തമിഴ് പാട്ടിന് “റ്റ് ഹാമിൾ സോങ്ങെന്നും, ആലപ്പുഴയ്ക്ക് ആലപ്പിയെന്നുമേ പറയൂ. അപ്പോൾ സുഖക്കേട് ഒരു മൂന്നാം ലോകരാജ്യത്ത് ഇരുണ്ട തൊലിയുമായി ജനിച്ചതിന്റെ അപകർഷതാബോധമാണ്, ശരിയോടുള്ള പ്രതിബദ്ധതയല്ല.

*ഒരുവേള പ്രണയത്തിനും, “കുട്ടിയമ്മ സാറിന് എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ കുട്ടിയമ്മ സാറിനെ വിവാഹം കഴിക്കാൻ തയ്യാറാണ്”. (ഉമ്മർ അംബികയോട്, ചിത്രം: അരനാഴികനേരം)

Labels: