Thursday, June 29, 2006

പതിരുകാലം

നമുക്കാര്‍ക്കും വലിയ വിലയില്ലെങ്കിലും സൃഷ്ടികളുടെ വലിപ്പത്തിലും അനുവാചകരുടെ എണ്ണത്തിലും നാടക-സിനിമാ തിരക്കഥാരംഗത്തെ കുലപതിമാരെ വരെ കടത്തിവെട്ടിക്കൊണ്ടിരിക്കുകയാണ് സീരിയല്‍‍‌ സ്ക്രിപ്റ്റെഴുത്തുകാര്‍‌‌. കാലം തങ്ങള്‍ക്കു നല്‍കിയ ഈ ഭാരിച്ച ബഹുമതിയെപ്പറ്റി അവരെങ്കിലും ബോധവാന്മാരാണെന്നു തോന്നുന്നു. സീരിയല്‍ കഥാപാത്രങ്ങളിലൂടെ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സവിശേഷമാ‍യ മലയാളം ഭാഷയ്ക്കുള്ള അവരുടെ പ്രതിഫലമായിരിക്കാം. അവരുടെ കൈ പതിഞ്ഞ ശ്രദ്ധേയമായ മേഖലകളിലൊന്നാണ് പഴഞ്ചൊല്ലുകള്‍. പഴഞ്ചൊല്ലുകള്‍ അസ്ഥാനത്തുപയോഗിച്ചാണ് പലരും അവയ്ക്കു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതെങ്കില്‍ പുതിയ പാഠഭേദങ്ങളിലാണ് കൂടുതല്‍ പ്രതിഭാശാലികള്‍ക്ക് താല്പര്യം. "കുത്താന്‍‌ വരുന്ന കാണ്ടാമൃഗത്തിനോട് ന്യായം പറഞ്ഞിട്ടെന്തു കാര്യം" തുടങ്ങിയ സ്വതന്ത്ര പുനരാഖ്യാനങ്ങള്‍ തൊട്ട് "ഓടുന്ന കുതിരയ്ക്ക് ഒരു ചുവട് പിമ്പേ എന്നതാണവളുടെ തന്ത്രം" എന്നിങ്ങനെയുള്ള ഉടച്ചുവാര്‍ക്കലുകള്‍ വരെയുണ്ട്. (പല നല്ല ഉദാഹരണങ്ങളും സത്യം പറഞ്ഞാല്‍ ഓര്‍മ വരുന്നില്ല. സംഭാവനകള്‍ക്ക് സ്വാഗതം). ഈയിടെ കേട്ട ഒന്നിനെ പറ്റി പറയാം. പശ്ചാത്തലം പതിവുപോലെ ഏതു ഹോളിവുഡ് താരത്തിന്റെ മാളികയോടും കിടപിടിക്കുന്ന ഒരു വീടും അവിടെ പരാതിയും പകയും പദ്ധതികളുമായി കഴിഞ്ഞുകൂടുന്ന കുറെ മനുഷ്യരും. "എന്റെ ഭര്‍ത്താവിനെപ്പറ്റി പറയാന്‍ നീയാരാണെടീ പട്ടീ" എന്ന സര്‍വസാധാരണമായ സീ‍രിയല്‍ ചോദ്യം കേട്ട് എല്ലാ നിയന്ത്രണവും വിട്ട സാധുകഥാപാത്രം പറയുന്നു, "ങ്ഹൂം, തെറിക്കുത്തരം മുറിപ്പത്തിരി".

പ്രാസഭംഗിയിലും സംഗീതാത്മകതയിലും ഒറിജിനലിലും ഒരുപടി മുന്‍പിലല്ലേ പത്തിരി? പത്തിരിയിലൊതുക്കണ്ട, ഇറച്ചിക്കറിയും കട്ടന്‍ ചായയും കൂടിയാവാം, തെറി പറഞ്ഞതിന്റെ ക്ഷീണം മാറട്ടെ.

Wednesday, June 14, 2006

കാലാവസ്ഥക്കച്ചോടം

രണ്ടു ദിവസം മുന്‍പു മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട “കാലാവസ്ഥക്കച്ചോടം” (എം ആര്‍ രാഘവവാര്യര്‍) എന്ന ലേഖനമാ‍ണ് ഈ കുറിപ്പിനാധാരം. കാലക്കേടുകളും പ്രകൃതിക്ഷോഭങ്ങളും കൊണ്ടു കഷ്ടപ്പെടുന്നവരോടും അവരുടെ ദുരിതങ്ങളോടും ഒരുവക അവജ്ഞ മധ്യവര്‍ഗ സ്വീകരണമുറികളില്‍ കാണാ‍റുണ്ട്. മനുഷ്യരുടെ പരാധീനതകള്‍ അവരുടെ കഴിവുകേടുകളും കൊള്ളരുതായ്മകളും കൊണ്ടാണെന്നും അവര്‍ക്കു ലഭിക്കുന്ന സഹായങ്ങള്‍ അനര്‍ഹമായ സൌജന്യങ്ങളാണെന്നുമിങ്ങനെ. എന്നാല്‍ രാഘവവാരിയരുടെ ലേഖനം ഇത്തരം വീണ്ടാലോചനയില്ലാ‍ത്ത callousness-നപ്പുറം ചില പ്രകടമായ സത്യങ്ങള്‍ കാട്ടിത്തരുന്നു.

സാധാരണ കാലവര്‍ഷം തുടങ്ങി ആഴ്ചകള്‍ക്കു ശേഷമാണ് ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കേന്ദ്രസംഘങ്ങളുമൊക്കെ വാര്‍ത്ത‍കളാവുന്നത്. എന്നാലിത്തവണ മഴ തുടങ്ങിയതിന്റെ പിറ്റേന്നു തന്നെ “ദുരിതബാധിതര്‍ക്കുള്ള ആശ്വാസ“ത്തിനുള്ള നിലവിളി ആരംഭിച്ചു. സഹസ്രാബ്ദങ്ങളായി കേരളമെന്ന ഭൂപ്രദേശത്തിന്റെ കാ‍ലാവസ്ഥയുടെ മുറതെറ്റാത്ത ഭാഗമാണ് കാലവര്‍ഷം, ഒരു ഭൂകമ്പമോ കൊടുങ്കാറ്റോ പോലെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നല്ലത്, മാത്രമല്ല, പല നിലയിലും നമ്മുടെ വേറിട്ട സംസ്കാരത്തിന്റെ ആധാരവും - ഒരു കെടുതിയായി അതിനെ കാണാന്‍ കഴിയില്ല. പക്ഷെ ഈ വരം‍ പലര്‍ക്കുമിന്നൊരു ശാപവും ദുസ്വപ്നവുമാണെന്നു വന്നിരിക്കുന്നു. ഈ കാ‍ലവര്‍ഷവും തുലാവര്‍ഷവും കൊണ്ടു തന്നെ ഹരിതസമ്പന്നമായ ഭൂമിയുടെ ഈ ചെറുതുണ്ട് തങ്ങള്‍ക്ക് കുടിയേറിയും കുരിശുനാട്ടിയും “ചമ്മാളിക്കാനു”ള്ളതാണെന്ന വിവരദോഷത്തിനുള്ള കൂലി. അമ്പതുവര്‍ഷം മുമ്പ് 44%മുണ്ടായിരുന്ന വനപ്രദേശമിപ്പോള്‍ 11%-മായി ചുരുങ്ങിയത്രേ. നേരാം വണ്ണം ഒരു റോഡുവെട്ടാന്‍ കഴിയാത്ത നാം ഇക്കാര്യത്തില്‍ കാണിക്കുന്ന കാര്യക്ഷമത പ്രശംസനീയമാണ്. ഇത് ‘വികസന’മാണെന്ന അഭിപ്രായക്കാര്‍ക്കും കുറവില്ല. (“ഗ്രാമങ്ങള്‍ പട്ടണങ്ങളാവുകയും പട്ടണങ്ങള്‍ നഗരങ്ങളാവുകയും ചെയ്യുന്ന വികസനത്തെ” പ്പറ്റി ഈ ധീരപ്രവര്‍ത്തനത്തിന്റെ വെഞ്ചരിപ്പുകാ‍രുടെ പത്രം ഈയിടെ പുളകം കൊണ്ടിരുന്നു). തങ്ങള്‍ക്കു പ്രത്യക്ഷനേട്ടമുണ്ടാക്കത്തവയെയൊക്കെ അസൌകര്യങ്ങളായി കാണുന്ന സങ്കുചിതത്വത്തിന് ഒരു കൊട്ട് കിട്ടുമ്പോള്‍ “അങ്ങനെ വേണം” എന്നു ചിലപ്പോള്‍ കണ്ണില്‍ ചോരയുള്ളവരും ചിന്തിച്ചെന്നുവരും.